നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 10 April 2018

മുഹമ്മദന്‍‌സ്‌ വാര്‍‌ഷികം

ദോഹ:ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ എന്ന പേരില്‍ ഒരു കലാകായിക വിഭാഗത്തിന്‌ രൂപം നല്‍കിയിട്ട്‌ മൂന്നാണ്ടുകള്‍ തികയുന്നു.തിരുനെല്ലൂരിലെ നല്ലൊരു ശതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി ഈ ചുവടുവെപ്പ്‌ മഹല്ലിനകത്തും പുറത്തും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.കളിയോടുള്ള കേവല ഭ്രമം എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിച്ച്‌ മുന്നോട്ടു ഗമിക്കുന്നു എന്നതായിരിക്കാം മുഹമ്മദന്‍‌സിന്റെ സവിശേഷത.

ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.കുറച്ചു നാളായി മന്ദഗതിയിലായിരുന്ന നാട്ടിലെ മുഹമ്മദന്‍‌സിനെ തട്ടിയുണര്‍ത്താനുള്ള ശ്രമങ്ങളും വിജയം വരിച്ചതായി നിരീക്ഷിക്കപ്പെടുന്നു.

മുഹമ്മദൻസ് ഖത്തറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന സ്നേഹവിരുന്ന് 2018 ഏപ്രില്‍ 20 നു  വെള്ളിയാഴ്ച വൈകീട്ട്‌ 4 മണി മുതൽ സ്കൈ മീഡിയയിൽ വെച്ച്  സം‌ഘടിപ്പിക്കുന്നു.വാർഷിക പൊതു യോഗത്തിൽ വെച്ച് പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ റഹ്‌മാൻ പി തിരുനെല്ലൂരിന്റെ പുതിയ കൃതിയുടെ പ്രകാശനവും നടക്കും.തിരുനെല്ലുരിന്റെ കവി അസീസ്‌ മഞ്ഞിയില്‍ ഖ്യുമാറ്റ്‌ അധ്യക്ഷന്‍ ഷറഫു ഹമീദിന്‌ 'പരിധിക്ക്‌ പുറത്തുള്ള ചില കാര്യങ്ങള്‍' എന്ന പുസ്‌തകത്തിന്റെ കോപി നല്‍‌കി ഖത്തറിലെ പ്രകാശനം നിര്‍‌വഹിക്കുമെന്ന്‌ ഔദ്യോഗിക ഭാരവാഹികള്‍ പറഞ്ഞു.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളെ അവരുടെ സമഗ്ര സം‌ഭാവനകള്‍ കണക്കിലെടുത്ത് പുരസ്‌കാരം നൽകി ചടങ്ങില്‍ ആദരിക്കുമെന്നും മുഹമ്മദന്‍‌സ്‌ സാരഥി വ്യക്തമാക്കി.പൊതു സമ്മേളനത്തിനു ശേഷം മുഹമ്മദൻസ് ഖത്തറിന്റെ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍‌ന്ന കലാ പരിപാടികള്‍ അരങ്ങേറും.ഖത്തറിലുള്ള എല്ലാ സുമനസ്സുക്കളായ നാട്ടുകാരെയും, കുടുംബങ്ങളെയും വാര്‍‌ഷിക സം‌ഗമത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രത്യേക നയ നിലപാടുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ കുടും‌ബങ്ങളുടെ സാന്നിധ്യം ദോഹയിലുണ്ടെന്നും അവരെല്ലാം ഒത്തു കൂടാനുള്ള അപൂര്‍‌വ്വാവസരമായി ഈ വാര്‍‌ഷിക സം‌ഗമം പരിണമിക്കുമെന്നും സം‌ഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു വേള ഇത്തരത്തില്‍ ഖത്തറില്‍ തിരുനെല്ലൂര്‍ പ്രവാസി കുടും‌ബ സം‌ഗമം ഖ്യുമാറ്റ്‌ ആദ്യകാലങ്ങളില്‍ സം‌ഘടിപ്പിച്ചൊതൊഴിച്ചു നിര്‍‌ത്തിയാല്‍ കൂടുതല്‍ കുടും‌ബങ്ങളുടെ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാകുന്ന ആദ്യത്തെ അനുഭവമാകാം മുഹമ്മദന്‍സ്‌ വാര്‍‌ഷികമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.