Sangamam.

Aboo Kattil.

Winners.

Runners up Prize.

Election.

Audience.

Lin up.

ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 19 April 2018

കര്‍‌മ്മപദങ്ങളില്‍ ഊര്‍‌ജ്ജ്വസ്വലതയോടെ

ദോഹ:സേവന സന്നദ്ധതയുടെ കര്‍‌മ്മപദങ്ങളില്‍ ഊര്‍‌ജ്ജ്വസ്വലതയോടെ മുന്നിട്ടിറങ്ങാന്‍ അരയും തലയും മുറുക്കി രം‌ഗത്തിറങ്ങേണ്ട പ്രവര്‍‌ത്തന നിരതമായ നാളുകളാണ്‌ വിശ്വാസികളെ വിശിഷ്യാ ആത്മാര്‍‌ഥതയുള്ള സേവകരെ കാത്തിരിക്കുന്നത്.ഷറഫു ഹമീദ്‌ പറഞ്ഞു.വരാനിനിരിക്കുന്ന പരിശുദ്ധ മാസത്തിലെ സേവന പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ പൂര്‍‌ണ്ണ രൂപം കൊടുക്കാനും വാര്‍‌ഷിക ജനറല്‍ ബോഡിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രസിഡന്റിന്റെ വസതിയില്‍ വിളിച്ചു ചേര്‍‌ത്ത പ്രത്യേക സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു പ്രസിഡന്റ്‌.

പുതിയ രൂപ ഭാവത്തോടെ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തന സജ്ജമായതു മുതല്‍ തുടങ്ങിവെച്ച ഇഫ്‌ത്വാര്‍ സം‌ഗമവും അര്‍‌ഹരായ കുടും‌ബങ്ങള്‍‌ക്കുള്ള ഇഫ്‌ത്വാര്‍ ക്വിറ്റ് വിതരണവും ഈ വര്‍‌ഷവും ഭം‌ഗിയായി ഒരുക്കും.ഖത്തര്‍ രിയാല്‍ 150 എന്ന വിഹിത ക്രമത്തില്‍ ഒരോ അംഗവും തങ്ങളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് സഹകരിക്കണമെന്നും അധ്യക്ഷന്‍ അഭ്യര്‍‌ഥിച്ചു.

മഹല്ലിലെ തെരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍‌ക്ക്‌ മസാന്തം നല്‍‌കിക്കൊണ്ടിരിക്കുന്ന സാന്ത്വന സഹായം യഥാ സമയം നടത്തുന്നതില്‍ വീഴ്‌ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ സഹകരിക്കുന്നവരും സമാഹരിക്കുന്നവരും അവസരത്തിനൊത്തുണരണമെന്നും ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടവതരണത്തിനു ശേഷമുള്ള ചര്‍ച്ചയില്‍ സം‌സാരിക്കുകയായിരുന്നു സെക്രട്ടറി.ഏപ്രില്‍ 27 ന്‌ വിളിച്ചു ചേര്‍ക്കാനിരിക്കുന്ന വാര്‍‌ഷിക ജനറല്‍ ബോഡിയില്‍ അം‌ഗങ്ങളുടെ സാന്നിധ്യം ഉറപ്പ്‌ വരുത്താന്‍ എല്ലാ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളും സജീവരാകണമെന്നും സെക്രട്ടറി കൂട്ടിച്ചേര്‍‌ത്തു.

പണിപ്പുരയിലെ സുവനീര്‍ ഡിസൈനിങ് പണികള്‍ എല്ലാം അവസാനിച്ചതായി സുവനീര്‍ ഡിസൈനിങ് ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ട അബു മുഹമ്മദ്‌ മോന്‍ അറിയിച്ചതായി പ്രസിഡന്റ്‌ ഷറഫു പറഞ്ഞു.പരസ്യങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ ഒഴിച്ചിട്ട്‌ കൊണ്ടാണ്‌ പണികള്‍ പൂര്‍‌ത്തികരിച്ചിട്ടുള്ളത്.മുന്‍ വിഭാവനകള്‍ പോലെ ഒരു പക്ഷെ കഴിഞ്ഞില്ലെങ്കിലും സാധ്യമാകുന്നത്ര പരസ്യങ്ങള്‍ ഉള്‍‌കൊള്ളിച്ച് താമസിയാതെ പ്രസിദ്ധപ്പെടുത്താന്‍ സാധ്യമാകുമെന്നും അധ്യക്ഷന്‍ ശുഭാപ്‌തി പ്രകടിപ്പിച്ചു.

Sunday, 15 April 2018

ആസിഫ നമ്മുടെ മകളാണ്‌

തിരുനെല്ലൂര്‍: ആസിഫ നമ്മുടെ മകളാണ്‌  എന്ന തലക്കെട്ടില്‍ തിരുനെല്ലൂര്‍ മഹല്ല്‌ പ്രതിഷേധ പ്രകടനം സം‌ഘടിപ്പിക്കുന്നു.ഏപ്രില്‍ 16 തിങ്കളാഴ്‌ച വൈകീട്ട്‌ നാലിന്‌ തുടങ്ങുന്ന സം‌ഘി ഭീകരതെക്കെതിരെയുള്ള പ്രതിഷേധ സം‌ഗമത്തില്‍ എല്ലാ മനുഷ്യ സ്നേഹികളും അണി നിരക്കണമെന്ന്‌ മഹല്ല്‌ പ്രസിഡന്റ്‌ അബു കാട്ടില്‍ ആഹ്വാനം ചെയ്‌തു.

സൂര്യന്റെ മുഖം കറുത്തതുപോലെ.ആകാശത്തു നിന്നു താരകങ്ങള്‍ ഉതിര്‍‌ന്നു വീഴുന്നതുപോലെ.പര്‍‌വ്വതങ്ങള്‍ ഉലഞ്ഞാടുന്നതു പോലെ.വന്യമൃഗങ്ങള്‍ ഞെട്ടിത്തരിച്ച് നിന്നതുപോലെ.ആര്‍‌ത്തട്ടഹസിക്കുന്ന പാരാവാരങ്ങളില്‍ അഗ്നി പടര്‍‌ന്നതുപോലെ.'ആസിഫാ നിന്നെ ആരാണ്‌ പച്ചക്ക്‌ കൊന്നു തിന്നത് ?' എന്നു പ്രകൃതിയില്‍ പ്രകമ്പനം കൊള്ളുന്നതുപോലെ.പ്രകൃതിയെപ്പോലും ഞെട്ടിപ്പിക്കുന്ന അതിക്രമങ്ങളുടെ പരമ്പരകള്‍ ഓര്‍‌ത്തുനോക്കാനോ കുറിച്ച്‌ വെക്കാനോ കഴിയാത്തവിധം സം‌ഹാരാത്മകമായിരിക്കുന്നു.കാലികളേക്കാള്‍ അല്ല അതിലും എന്ന വേദപ്രയോഗത്തെ സ്‌പുടമായി വായിക്കാന്‍ ഏത്‌ വായനക്കാരനും സാധിക്കുന്നുണ്ട്.ഒരു സംഘിക്ക്‌ മനുഷ്യനാകാനൊ,ഒരു മനുഷ്യന്‌ സം‌ഘിയാകാനൊ സാധ്യമല്ലെന്നത് എത്രമാത്രം പ്രസക്തം.


ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അടിയന്തിര സെക്രട്ടറിയേറ്റ്‌ പ്രമേയത്തില്‍ വ്യക്തമാക്കി.അവസരോചിതമായി രം‌ഗത്തെത്തിയ മഹല്ല്‌ സാരഥികള്‍ പ്രശം‌സാര്‍‌ഹമായ ദൗത്യമാണ്‌ നിര്‍വഹിക്കുന്നതെന്നും സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.


പ്രസിഡന്റ്‌ ഷറഫു ഹമീദ്‌,സെക്രട്ടറിയേറ്റ്‌ അംഗങ്ങളായ ഹമീദ്‌ ആര്‍.കെ,അസീസ്‌ മഞ്ഞിയില്‍,റഷീദ്‌ കെ.ജി,ഷിഹാബ്‌ എം.ഐ,സലീം നാലകത്ത്,ഷൈദാജ്‌ മൂക്കലെ,തൗഫീഖ്‌ താജുദ്ധീന്‍,ഹാരിസ്‌ അബ്ബാസ് എന്നിവര്‍ പ്രമേയാവതരണത്തില്‍ പങ്കെടുത്തു.

Tuesday, 10 April 2018

മുഹമ്മദന്‍‌സ്‌ വാര്‍‌ഷികം

ദോഹ:ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ എന്ന പേരില്‍ ഒരു കലാകായിക വിഭാഗത്തിന്‌ രൂപം നല്‍കിയിട്ട്‌ മൂന്നാണ്ടുകള്‍ തികയുന്നു.തിരുനെല്ലൂരിലെ നല്ലൊരു ശതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി ഈ ചുവടുവെപ്പ്‌ മഹല്ലിനകത്തും പുറത്തും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.കളിയോടുള്ള കേവല ഭ്രമം എന്നതിലുപരി സാമൂഹ്യ പ്രതിബദ്ധത കാത്തു സൂക്ഷിച്ച്‌ മുന്നോട്ടു ഗമിക്കുന്നു എന്നതായിരിക്കാം മുഹമ്മദന്‍‌സിന്റെ സവിശേഷത.

ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.കുറച്ചു നാളായി മന്ദഗതിയിലായിരുന്ന നാട്ടിലെ മുഹമ്മദന്‍‌സിനെ തട്ടിയുണര്‍ത്താനുള്ള ശ്രമങ്ങളും വിജയം വരിച്ചതായി നിരീക്ഷിക്കപ്പെടുന്നു.

മുഹമ്മദൻസ് ഖത്തറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന സ്നേഹവിരുന്ന് 2018 ഏപ്രില്‍ 20 നു  വെള്ളിയാഴ്ച വൈകീട്ട്‌ 4 മണി മുതൽ സ്കൈ മീഡിയയിൽ വെച്ച്  സം‌ഘടിപ്പിക്കുന്നു.വാർഷിക പൊതു യോഗത്തിൽ വെച്ച് പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ റഹ്‌മാൻ പി തിരുനെല്ലൂരിന്റെ പുതിയ കൃതിയുടെ പ്രകാശനവും നടക്കും.തിരുനെല്ലുരിന്റെ കവി അസീസ്‌ മഞ്ഞിയില്‍ ഖ്യുമാറ്റ്‌ അധ്യക്ഷന്‍ ഷറഫു ഹമീദിന്‌ 'പരിധിക്ക്‌ പുറത്തുള്ള ചില കാര്യങ്ങള്‍' എന്ന പുസ്‌തകത്തിന്റെ കോപി നല്‍‌കി ഖത്തറിലെ പ്രകാശനം നിര്‍‌വഹിക്കുമെന്ന്‌ ഔദ്യോഗിക ഭാരവാഹികള്‍ പറഞ്ഞു.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളെ അവരുടെ സമഗ്ര സം‌ഭാവനകള്‍ കണക്കിലെടുത്ത് പുരസ്‌കാരം നൽകി ചടങ്ങില്‍ ആദരിക്കുമെന്നും മുഹമ്മദന്‍‌സ്‌ സാരഥി വ്യക്തമാക്കി.പൊതു സമ്മേളനത്തിനു ശേഷം മുഹമ്മദൻസ് ഖത്തറിന്റെ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍‌ന്ന കലാ പരിപാടികള്‍ അരങ്ങേറും.ഖത്തറിലുള്ള എല്ലാ സുമനസ്സുക്കളായ നാട്ടുകാരെയും, കുടുംബങ്ങളെയും വാര്‍‌ഷിക സം‌ഗമത്തിലേയ്‌ക്ക്‌ സ്വാഗതം ചെയ്യുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രത്യേക നയ നിലപാടുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ കുടും‌ബങ്ങളുടെ സാന്നിധ്യം ദോഹയിലുണ്ടെന്നും അവരെല്ലാം ഒത്തു കൂടാനുള്ള അപൂര്‍‌വ്വാവസരമായി ഈ വാര്‍‌ഷിക സം‌ഗമം പരിണമിക്കുമെന്നും സം‌ഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു വേള ഇത്തരത്തില്‍ ഖത്തറില്‍ തിരുനെല്ലൂര്‍ പ്രവാസി കുടും‌ബ സം‌ഗമം ഖ്യുമാറ്റ്‌ ആദ്യകാലങ്ങളില്‍ സം‌ഘടിപ്പിച്ചൊതൊഴിച്ചു നിര്‍‌ത്തിയാല്‍ കൂടുതല്‍ കുടും‌ബങ്ങളുടെ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാകുന്ന ആദ്യത്തെ അനുഭവമാകാം മുഹമ്മദന്‍സ്‌ വാര്‍‌ഷികമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Friday, 30 March 2018

മുഹമ്മദൻസ് പുതിയ ഭാരവാഹികൾ

മുഹമ്മദൻസ് ഖത്തറിന്റെ 2018 വർഷത്തിലെ പുതിയ ഭാരവാഹികൾ.മുഹമ്മദൻസ് ഖത്തറിന്റെ 2018 ലെ  പ്രസിഡഡന്റ്‌ സ്ഥാനത്തേക്ക്‌ സലീം നാലകത്ത്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ജനറൽ സെക്രട്ടറിയായി കെ ജി റഷീദും, ട്രഷറര്‍ സ്ഥാനത്തേക്ക്‌ ഷഹീർ അഹമ്മദും  തിരഞ്ഞടുക്കപ്പെട്ടു.

ടീം മാനേജർ ശൈതാജ് എം കെ, ടീം ക്യാപ്റ്റൻ ശിഹാബ് ആർ.കെ,ടീം കോർഡിനേറ്റർ ഹാരിസ് അബ്ബാസ്, വൈസ് പ്രസിഡന്റ് ഇർഷാദ് ഇസ്‌മാഈല്‍, ടീം കോച്ച് മൊയ്‌നുദീൻ, ജോയിന്റ് സെക്രട്ടറിമാരായി ഷറഫുദീൻ. കെ.എസ്‌,  റഹ്‌മാൻ സഗീർ,  ടീം വൈസ് ക്യാപ്റ്റൻ തൗഫീഖ് താജുദ്ധീൻ എന്നിങ്ങനെ 11 അംഗ പ്രവര്‍‌ത്തക സമിതി നിലവിൽ വന്നു.

കഴിഞ്ഞ ദിവസം ഗാർഡൻ വില്ലജ് റെസ്റ്റോറന്റിൽ ചേർന്ന ജനറൽബോഡിയിൽ വെച്ചാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.

Sunday, 25 March 2018

തിരുനെല്ലുരിന്റെ ആഘോഷം

തിരുനെല്ലൂർ:എ.എം.എൽ.പി തിരുനെല്ലൂർ സ്കൂളിന്റെ എഴുപത്തിയേഴാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃ ദിനവും മാർച്ച്‌ 28 ബുധനാഴ്ച മധ്യാഹ്നത്തിനു ശേഷം 2.30 നു സമുചിതമായി ആഘോഷിക്കുന്നു.

സ്‌കൂള്‍ മാനേജർ ശ്രീ.അബു കാട്ടിലിന്റെ  അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹുമാനപ്പെട്ട മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.എ.കെ.ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും.വാർഡ്‌ മെമ്പറും പി.ടി.എ പ്രസിഡന്റുമായ ശ്രീ.ഷെരിഫ് ചിറയ്ക്കൽ എൻഡോവ്മെന്റ് വിതരണം നടത്തും.തിരുനെല്ലൂരിന്റെ അനുഗ്രഹീത സാഹിത്യകാരന്‍‌മാരില്‍ ഒരാളും വിദ്യാലയ വികസന സമിതിയുടെ ചെയർമാനുമായ ശ്രീ.സൈനുദ്ധീൻ ഖുറൈഷി,പൂനെയില്‍ സാമൂഹ്യ സാംസ്കാരിക രം‌ഗത്തെ പ്രസിദ്ധനായ  തിരുനെല്ലൂരിന്റെ അഭിമാന താരം എ.എം.എല്‍.പി സ്‌കൂളിലെ പൂർവവിദ്യാർഥി, ശ്രീ.കെബീർ വി.എം എന്നിവരെ ചടങ്ങിൽ ആദരിക്കും.പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍ ഓണ്‍ ലൈന്‍ സന്ദേശത്തില്‍ അറിയിച്ചു.

Saturday, 17 March 2018

സിറ്റി എക്സ്ചേഞ്ച് വിജയ കിരീടം ചൂടി

ദോഹ:മുഹമ്മദൻസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ  ടീം സിറ്റി എക്സ്ചേഞ്ച് വിജയ കിരീടം ചൂടി.ദോഹയിലെ പ്രശസ്‌ത സ്ഥാപനങ്ങളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ ക്രിക്കറ്റുത്സവത്തിലെ തകര്‍പ്പന്‍ കളികള്‍ക്ക്‌ കഴിഞ്ഞ വാരാന്ത്യങ്ങള്‍ സാക്ഷ്യം വഹിച്ചു.

ഈ വാരാന്ത്യത്തിലെ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന വാശിയേറിയ മത്സരത്തിൽ ടീം മാൾ സി.സി യെ 7 വിക്കറ്റിന് പരാജയപ്പെടുത്തി വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.നേരത്തെ നടന്ന സെമിഫൈനലുകളിൽ മാൾ സി.സി ടീം യുവയെയും, ടീം സിറ്റി എക്സ്ചേഞ്ച് എ.ടി.സി.സി.ബി.ക്യു വിനേയും പരാജയപ്പെടുത്തിയിരുന്നു.വിജയികൾക്ക് സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ. ഷറഫ്  പി  ഹമീദ് ട്രോഫികൾ സമ്മാനിച്ചു. ദോഹയിലെ പ്രമുഖ ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് കഴിഞ്ഞ മാസം 16 നാണ്‌തുടക്കം കുറിച്ചത്.

Monday, 12 March 2018

മുഹമ്മദന്‍സ്‌ ക്രിക്കറ്റുത്സവം

ദോഹ:സിറ്റി എക്സ്ചേഞ്ച് വിന്നേഴ്സ് ട്രോഫിക്കും ഇസ്ലാമിക്‌ എക്സ്ചേഞ്ച് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മുഹമ്മദൻസ് കപ്പ് സീസൺ 3  ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങളും, ഫൈനൽ മത്സരവും വ്യാഴാഴ്ച 15.03.18 വൈകീട്ട് 7 മണി മുതൽ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.ആദ്യ സെമിയിൽ ടീം യുവ - മാൾ സി.സി യുമായും, രണ്ടാമത്തെ സെമിയിൽ എ.ടി.സി.സി.ബി ക്യു-സിറ്റി എക്സ്ചേഞ്ച് ടീമുമായും ഏറ്റു മുട്ടും.തുടർന്ന്  ഫൈനൽ മത്സരവും നടക്കും.
കഴിഞ്ഞ ഫെബ്രുവരി 16  നു തുടങ്ങിയ ടൂർണമെന്റിൽ ദോഹയിലെ പ്രമുഖരായ 16 ടീമുകൾ മാറ്റുരച്ചു.എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഐഡിയൽ ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദൻസ് ഖത്തർ ഭാരവാഹികൾ അറിയിച്ചു.

Tuesday, 6 March 2018

ജ‌അഫര്‍ ഉസ്‌താദിന്റെ ഖബറടക്കം നാളെ

തിരുനെല്ലൂര്‍:തിരുനെല്ലുര്‍ വലിയ പള്ളിയിലെ മുഅ‌ദ്ധിനായിരുന്ന ജഅ‌ഫർ ഉസ്താദിന്റെ ഖബറടക്കം നാളെ മാര്‍‌ച്ച്‌ 7 ബുധനാഴ്‌ച കാലത്ത് 9 മണിക്ക് എടക്കഴിയൂർ പള്ളി ഖബര്‍‌സ്ഥാനില്‍ നടക്കും.എടക്കഴിയൂർ പഞ്ചവടി ക്ഷേത്രത്തിന്റെ പുറക് വശമാണ് ഉസ്‌താദിന്റെ വീട്‌.

ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ശുശ്രൂഷയിലായിരുന്നു.നാട്ടിലും പ്രവാസ ലോകത്തും എല്ലാവരും അദ്ധേഹത്തിന്റെ രോഗ മുക്തിക്ക്‌ വേണ്ടി പ്രാര്‍‌ഥനാ നിരതരായിരുന്നു.രോഗ ശാന്തിക്ക്‌ വേണ്ടി ആവുന്നതൊക്കെ ചെയ്യാന്‍ മഹല്ലും വിശിഷ്യാ മഹല്ല്‌ നേതൃത്വം എല്ലാ സൗകര്യങ്ങളുമായി സജ്ജമായിരുന്നു.എന്നാല്‍ സകല ശ്രമങ്ങളേയും പരാജയപ്പെടുത്തി അദ്ധേഹം യാത്രയായി.മഹല്ല്‌  പ്രസിഡണ്ട്‌ അബു കാട്ടില്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്,നന്മ തിരുനെല്ലൂര്‍ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ,മുഹമ്മദന്‍‌സ്‌ ഖത്തര്‍,ഉദയം പഠനവേദി,തിരുനെല്ലൂരിലെ ഇതര പ്രവാസി സമൂഹവും സം‌ഘനാ നേതൃത്വവും പരേതന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

ഏറെ ദരിദ്രമായ ചുറ്റുപാടില്‍ പ്രയാസകരമായ അവസ്ഥയിലും സന്തോഷ വദനനായിരുന്നു ജ‌അഫര്‍ ഉസ്‌താദ്‌.ഒരു കൊച്ചു കുടും‌ബത്തിന്റെ പ്രത്യാശകള്‍ കരിഞ്ഞുണങ്ങാന്‍ അനുവദിക്കാതിരിക്കാനുള്ള സാമുഹിക പ്രതിബദ്ധത നാട്ടുകാരില്‍ നിന്നും ഉണ്ടകുമെന്നാണ്‌ സഹൃദയരുടെ പ്രതീക്ഷ.

ഉസ്‌താദിന്റെ ജനാസ കാണാനും പ്രാര്‍‌ഥിക്കാനും ഉള്ള അവസരം മദ്രസ്സാ വിദ്യാര്‍‌ഥികള്‍‌ക്ക്‌ വേണ്ടി ഒരുക്കിയിട്ടുണ്ടെന്ന്‌ നൂറുല്‍ ഹിദായ മദ്രസ്സ സെക്രട്ടറി നൗഷാദ്‌ ഇബ്രാഹീം അറിയിച്ചു.സൗകര്യപ്പെടുന്നവര്‍ക്ക്‌ കാലത്ത് 7 മണിക്ക്‌ മഹല്ല്‌ ഒരുക്കുന്ന വാഹന സൗകര്യം ഉപയോഗപ്പെടുത്താമെന്നും സെക്രട്ടറി പറഞ്ഞു.

പരേതന്റെ പരലോക മോക്ഷത്തിനു വേണ്ടിയുള്ള പ്രാർഥനാ സദസ്സും അനുശോചന യോഗവും നാളെ  മഗ്‌രിബ് നിസ്കാരത്തിന് ശേഷം കേന്ദ്ര മദ്രസ്സ ഹാളിൽ വെച്ച്‌ സം‌ഘടിപ്പിക്കുന്നുണ്ടെന്നും മഹല്ല്‌ വൃത്തങ്ങള്‍ അറിയിച്ചു.

ജ‌അ‌ഫര്‍ ഉസ്‌താദ്‌ യാത്രയായി

തിരുനെല്ലൂര്‍: തിരുനെല്ലൂര്‍ വലിയ പള്ളിയിലെ മുഅദ്ധിന്‍ ജ‌അ‌ഫര്‍ ഉസ്‌താദ്‌ അല്ലാഹുവിലേയ്‌ക്ക്‌ യാത്രയായി.ദിവസങ്ങളായി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ശുശ്രൂഷയിലായിരുന്നു.നാട്ടിലും പ്രവാസ ലോകത്തും എല്ലാവരും അദ്ധേഹത്തിന്റെ രോഗ മുക്തിക്ക്‌ വേണ്ടി പ്രാര്‍‌ഥനാ നിരതരായിരുന്നു.രോഗ ശാന്തിക്ക്‌ വേണ്ടി ആവുന്നതൊക്കെ ചെയ്യാന്‍ മഹല്ലും വിശിഷ്യാ മഹല്ല്‌ നേതൃത്വം എല്ലാ സൗകര്യങ്ങളുമായി സജ്ജമായിരുന്നു.എന്നാല്‍ സകല ശ്രമങ്ങളേയും പരാജയപ്പെടുത്തി അദ്ധേഹം യാത്രയായി.മഹല്ല്‌  പ്രസിഡണ്ട്‌ അബു കാട്ടില്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്,തിരുനെല്ലൂരിലെ ഇതര പ്രവാസി സമൂഹവും സം‌ഘനാ നേതൃത്വവും പരേതന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Monday, 5 March 2018

അഭിമാന താരങ്ങള്‍

തിരുനെല്ലൂര്‍:കണ്ണൂര്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ 25 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ആതിഥേയരായ എസ്‌.എന്‍ കോളേജിന്‌ വിജയം.തിളക്കമാര്‍‌ന്ന വിജയ ഗാഥയുടെ ശില്‍‌പി അനുഗ്രഹീത കലാകാരി സിമ്യ എന്ന മാപ്പിളപ്പാട്ട്‌ ലോകത്തെ നിറ സാന്നിധ്യവുമാണ്‌.

തിരുനെല്ലൂരിലെ പുതിയ തലമുറയിലെ ഒറ്റപ്പെട്ട ശബ്‌ദ ഗരിമയും മധുരിമയും കൊണ്ട്‌ അനുഗ്രഹീതനായ ഹം‌ദാന്‍ ഹം‌സയുടെ പ്രിയതമയാണ്‌ സിമ്യ ഹം‌ദാന്‍.2010 പട്ടുറുമാല്‍ റിയാലിറ്റിഷോയില്‍ തിളങ്ങിയവരാണ്‌ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ ശബ്‌ദ മധുരിമയായ ഹംദാന്‍ എന്ന യുവ പ്രതിഭയും കണ്ണൂര്‍ സ്വദേശിനിയായ അനുഗ്രഹീതയായ പൂങ്കുയില്‍ സിമ്യയും.2016 ല്‍ ബ്രണ്ണന്‍ കോളേജില്‍ നടന്ന കലോത്സവത്തിലെ വിജയ രഹസ്യത്തിന്റെ അണിയറയിലും തിരുനെല്ലുരിന്റെ മരുമകള്‍ സിമ്യ ഹം‌ദാന്‍ തന്നെയായിരുന്നു.തിരുനെല്ലുരിന്റെ ഈ സംഗീത താരങ്ങള്‍ ഗ്രാമത്തിന്റെ തന്നെ അഭിമാനമാണ്‌.